Thursday, December 01, 2011

സംഗീത സാഹിത്യസൂചിക


കഴിഞ്ഞ ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പുതുമ എം എസ് ഐയില്‍ ഇന്ന് മുതല്‍ കാണാനാകും.


സംഗീതത്തിന്‍റെ സാഹിത്യം എന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണല്ലോ? ഗാന/സിനിമാ സാഹിത്യത്തിലെ പലതരം ഫീച്ചറുകള്‍ പലപ്പോഴായി എം എസ് / എം എം ഡി ബി യില്‍ ചേര്‍ത്തുവരുന്നു. ഇവയെല്ലാം കോര്‍ത്തിണക്കി അത്തരം സൂചികകളുടെ ഒരു ശേഖരം തയ്യാറാക്കാന്‍ ശ്രമിക്കുകയാണ് 'സംഗീത സാഹിത്യ സൂചിക' സംരംഭത്തിലൂടെ.

ഇതിലെ ഓരോ സൂചികയ്ക്ക് പിന്നിലും ഓരോ കഥയുണ്ട്. മലയാളഗാനങ്ങള്‍ , മലയാളസംസ്കാരത്തെ പോലെ തന്നെ വളരെയധികം പരിണാമങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, സിനിമയിലേയും ഗാനങ്ങളിലേയും എഴുതപ്പെടുന്ന വാക്കുകള്‍  ശ്രദ്ധിക്കുന്നവര്‍ക്കായാണ് 'സാഹിത്യസൂചിക'

ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന 10 സൂചികകള്‍ ഇവയെല്ലാം:

1: മലയാളസിനിമകളുടെ ആദ്യകാലങ്ങളില്‍ കൂടുതലും നോവലുകളും, ചെറുകഥകളും, നാടകങ്ങളുമായിരുന്നു സിനിമകള്‍ക്ക്‌ പ്രചോദനം. ഇവയെ കുറിച്ചുള്ള ഒരു ഡാറ്റാബേസ് ഇന്ന് എം എം ഡി ബി യില്‍ ലഭ്യമാണ്

2: സിനിമകളുടെ മൂലകഥ എവിടെ നിന്നു വരുന്നു എന്നറിയാന്‍ ഉതകുന്ന ഒരു പട്ടികയും ഇതിന്‍റെ കൂടെയുണ്ട്

3: സംഗീത/സിനിമാ സാഹിത്യം - സംഗീതത്തേയും സിനിമയേയും കുറിച്ചുള്ള പുസ്തകങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ലഭ്യമായതും അല്ലാത്തതുമായ പല പുസ്തകങ്ങളെ കുറിച്ചുമുള്ള ഒരു വിജ്ഞാനകോശം ഞങ്ങള്‍ ഇവിടെ കാഴ്ചവയ്ക്കുന്നു.

4: മലയാള സിനിമകള്‍ക്ക്‌ വേണ്ടി പാട്ടുകള്‍ എഴുതിയിട്ടുള്ള കവികളും രചയിതാക്കളും ഏതൊക്കെ പാട്ടുകളെഴുതി എന്ന്‍ അറിയാനുള്ള സംവിധാനം.

5: മലയാളസിനിമയുടെ ആദ്യകാലം മുതല്‍ ഒരു മുപ്പത്‌ വര്‍ഷം മുന്‍പ്‌ വരെ സജീവമായിരുന്നു പാട്ടുപുസ്തകങ്ങള്‍. ഇത്തരത്തിലുള്ള അമൂല്യമായ 800 ഓളം പാട്ടുപുസ്തകങ്ങള്‍ എം എസ് ഐയില്‍ ഉണ്ട്.

6: കവികളെ അടുത്തറിയാന്‍ കവിപരിചയം. എം എസ് ഐയിലെ സജീവമായ എഴുത്തുകാര്‍ ഗവേഷണങ്ങള്‍ക്ക്‌ ശേഷം എഴുതുന്ന പംക്തി ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു.

7: സാധാരണ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും ആസ്വദിക്കാനുമായി എം എം ഡി ബിയില്‍ സിനിമാ അവലോകനങ്ങള്‍ ധാരാളം ചേര്‍ത്തുകഴിഞ്ഞിരിക്കുന്നു. അവയെല്ലാം സൂചിക വഴി ലഭ്യമാണ്.

8: മലയാളത്തില്‍ സിനിമകള്‍ക്കായി എഴുതപ്പെട്ടിട്ടുള്ള വരികള്‍ ഏതു വേണമെങ്കിലും ഇനി എം എസ് ഐയില്‍ തിരയാം.

9: നാടക ഗാനങ്ങളുടെ ഒരു ശേഖരം അടുത്ത കാലങ്ങളില്‍ എം എസ്‌ ഐയില്‍ തുടങ്ങിയിരുന്നു. ഇതിലൂടെ മലയാള സിനിമാ ഗാനങ്ങളുടെ ഉറവിടവും ഉത്തേജനവും അറിയാനാവും. മുന്നോട്ടെന്ന പോലെ ഗാന സാഹിത്യത്തില്‍ പഴയ കാലത്തേക്കുള്ള തിരിച്ചു പോക്കും എം എസ്‌ ഐയില്‍ സജീവമായി നടക്കുന്നതിന്‍റെ തെളിവാണ് ഈ സംരംഭം

10. ഏതൊരു ചിത്രത്തിന്‍റെ വിജയത്തിന്‍റെ പിന്നിലും ഒരു ശക്തമായ തിരക്കഥ ഉണ്ടായിരിക്കും. മലയാള സിനിമകളിലെ തിരക്കഥകൃത്തുകളെ പരിചയപ്പെടാന്‍ ഒരവസരം

വാദ്യഘോഷങ്ങളുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗാനസാഹിത്യത്തിനും, കെട്ടുറപ്പില്ലാത്ത പറഞ്ഞു മടുത്ത കഥകള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന ആ ഒരു നല്ല കഥയ്ക്കുമായി ഞങ്ങള്‍ ഇത് സമര്‍പ്പിക്കുന്നു.

മുകളില്‍  പറയുന്ന എല്ലാ സൂചികകളിലും തുടര്‍ന്നും സഹായം ആവശ്യമാണ്‌ . നിങ്ങള്‍ക്ക് സഹായിക്കാന്‍ താല്‍പര്യവും സമയവും ഉണ്ടെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടുക

ഇനിയും  ധാരാളം സാഹിത്യസൂചികകള്‍  എം എസ് ഐയില്‍ പ്രതീക്ഷിക്കാം.

0 comments:

Post a Comment