Sunday, December 28, 2008

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു.... - മലയാളസിനിമയിലെ കൃസ്തീയഗാനങ്ങളെക്കുറിച്ച്‌

ക്രിസ്തുമസ്സിനോടനുബന്ധിച്ച്‌ ജീവജ്യോതി മാസികയ്ക്ക്‌ വേണ്ടി ആരതി മേനോന്‍ തയ്യാറാക്കിയ ലേഖനം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.

ദൈവത്തിന്‍ പുത്രന്‍ ജനിച്ചു....

ആരതി മേനോന്‍ , കൊച്ചി


പുതിയ ജീവിതക്രമങ്ങളില്‍ പുത്തന്‍ മാധ്യമങ്ങള്‍ നല്‍കിയ സാധ്യതകളില്‍ മലയാള സിനിമാ രംഗവും അതിലെ ഗാനശാഖയും എങ്ങനെയാണ് ഭക്തിഗാനങ്ങള്‍ക്ക് ഒരു സമുന്നത സ്ഥാനം നല്‍കിയത്? കാലാകാലങ്ങളായി അനുഷ്ഠാനങ്ങളുടെ കാര്‍ക്കശ്യത്തിലും, ആചാരങ്ങളുടെ കടുത്ത നിയന്ത്രണത്തിലും ചൊല്ലപ്പെട്ടു പോന്നിരുന്ന നാമജപങ്ങള്‍ എവിടം മുതലാണ് ജനകീയകല എന്നു പില്‍ക്കാലത്തു വിശേഷിപ്പിക്കപ്പെട്ട സിനിമയില്‍ ഇടം കണ്ടെത്തിയത്?

ലേഖിക പ്രൈമറി ക്ലാസ്സുകളില്‍ പഠിക്കുന്ന കാലത്ത് സ്കൂളിലെ പ്രമുഖ പ്രാര്‍ഥനാ ഗാനമായിരുന്നു "എങ്ങുമെങ്ങും നിറയും വെളിച്ചമേ" (രചന:ശ്രീകുമാരന്‍ തമ്പി,ചിത്രം:മധുരസ്വപ്നം,1977) . അതു പോലെതന്നെ "ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം" എന്ന ഗാനം (രചന: പന്തളം കേരളവര്‍മ്മ, ചിത്രത്തില്‍ ഉപയോഗിച്ചത്‌: അമ്മയെ കാണാന്‍ , 1963). സിനിമയെക്കുറിച്ചു വലിയ അറിവൊന്നും അന്നു ഇല്ലാതിരുന്ന കൊണ്ട് പ്രാര്‍ഥനാ ഗാ‍നം ഒരുക്കലും ഒരു സിനിമാഗാനം അയിരുന്നു എന്നു തോന്നിയില്ല. പില്‍ക്കാലത്ത് അവ രണ്ടു സിനിമാഗാനങ്ങള്‍ ആയിരുന്നു എന്നറിഞ്ഞപ്പോല്‍ വളരെ അല്‍ഭുതം തോന്നി. ഭക്തിഗാനങ്ങളെ ജനകീയമാക്കിയതില്‍ സിനിമയ്ക്കുള്ള പങ്കിനെ ക്കുറിച്ചുള്ള ചിന്തകള്‍ അവിടം മുതലാണ് ഉരുത്തിരിഞ്ഞത്.

പുതിയ സിനിമകളെ അപേക്ഷിച്ച് പഴയകാല സിനിമകളില്‍ ഭക്തിഗാനങ്ങളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നു നമുക്കു കാണുവാന്‍ കഴിയും. സാധാരണ നാട്ടിന്‍പുറങ്ങള്‍ പാശ്ചാത്തലമാക്കി, അതിലും സാധാരണക്കാരായ ആള്‍ക്കരുടെ ജീവിതകഥകള്‍ കറുപ്പിലും വെള്ളയിലും നമുക്കു കാണിച്ചു തന്ന അറുപതുകളിലെയും എഴുപതുകളിലെയുമൊക്കെ സിനിമകളില്‍ നിന്ന് എത്രയെത്ര ഭക്തിഗാനങ്ങളാണ് നമുക്കു നിത്യ പ്രാര്‍ഥനകളില്‍ പോലും ഉള്‍പ്പെടുത്തത്തക്ക വിധത്തില്‍ ലഭിച്ചത്! രചനാ ശ്രേഷ്ഠതകൊണ്ടും അലൌകികമായ സംഗീത മികവുകൊണ്ടും ഇന്നും ശ്രോതാവിനെ ഭക്തിയുടെ ഉത്തുംഗ ശൃംഗങ്ങളില്‍ എത്തിക്കുന്ന ഏതാനും കൃസ്തീയ ഭക്തിഗാനങ്ങളെയാണ് എല്ലാവരും ക്രിസ്തുമസ് ആഘോഷിക്കുന്ന ഈയവസരത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്.

ഒരു പിടി കുളിരും ഒരായിരം മനസ്സുകളില്‍ ഭക്തിയുടെ നിറവുമായി വീണ്ടും ക്രിസ്തുമസ് അണയുകയാണ്. രണ്ടായിരത്തോളമാണ്ടുകള്‍ക്കു മുന്നേ നിന്ദിതരുടേയും പീഡിതരുടേയും കണ്ണുനീരൊപ്പാന്‍ ബെത് ലെഹേമില്‍ പിറന്ന പൊന്നുണ്ണി. എണ്ണമില്ലാത്ത മനസ്സുകള്‍ക്കുവെളിച്ചമായി വഴികാട്ടിയായി മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റ് കുരിശിലേറിയ മനുഷ്യപുത്രന്‍. കടലും കരയും കടന്ന് ആ പ്രഭാവത്തിന്റെ അലയടികള്‍ ഭാരതത്തിലും ഈ ഭൂമി മലയാളത്തിലും എത്തിച്ചേര്‍ന്നു. വേദപുസ്തകത്തിന്റെ ഏടുകളിലെ ദൈവസ്നേഹം മഥിതമനസ്സുകളുടെ ഇരുണ്ട ഗഹ്വരങ്ങളില്‍ വെളിച്ചമായി.മുള്ളും മുരടൂം കല്ലും കരടും മുറിവേല്‍പ്പിക്കാതെ മനുഷ്യന്‍ ആ വെളിച്ചത്തില്‍ ജീവിതവീഥിയിലൂടെ നടന്നു. തെളിഞ്ഞ മനസിന്റെ തിരിച്ചറിവുകളില്‍ അവന്‍ ആ സ്നേഹം ഏറ്റുപാടി. തനിക്കറിയാവുന്ന ഭാഷകളില്‍, ശൈലികളില്‍ ഒക്കെയും ദൈവപുത്രന്റെ അപദാനങ്ങള്‍ മറ്റുള്ളവരിലേക്കെത്തിക്കാന്‍ അവന്‍ പരിശ്രമിച്ചു . അതിന്റെ മാറ്റൊലികളാണ് ഒരു ജനകീയമാധ്യമമായി വളര്‍ന്നു വന്ന സിനിമയിലും നാം കാണുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു.

ഒരു മാധ്യമമെന്ന നിലയില്‍ അതിന്റെ ബൌദ്ധികമായ തലങ്ങള്‍ക്കപ്പുറത്ത് സ്വന്തം ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചയായി സാമാന്യജനങ്ങള്‍ സിനിമയെ കണ്ടു. നായകനിലും നായികയിലും മറ്റു കഥാപാത്രങ്ങളിലും അവര്‍ സ്വന്തം വ്യക്തിത്വങ്ങളുടെ പ്രതിബിംബങ്ങള്‍ ദര്‍ശിച്ചു. വെള്ളിത്തിരയിലെ കഥാപാത്രങ്ങളുടെ കണ്ണുനീരും ചിരിയും ഭക്തിയുമെല്ലാം അവര്‍ തങ്ങളുടെ തന്നെ ജീവിതമുഹൂര്‍ത്തങ്ങളുടെ പുനരാവിഷ്കാരമാക്കി മനസ്സില്‍ കൊണ്ടുനടന്നു. ജീവിതത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന കുടുംബചിത്രങ്ങളില്‍ പ്രണയത്തോടും മറ്റുവികാരങ്ങളോടൂമൊപ്പം ഭക്തിയും സ്ഥാനം പിടിച്ചു, മെഴുകുവിളക്കു കൊളുത്തി മുട്ടുകുത്തി നിറകണ്ണുകളോടെ തിരുസ്വരൂപത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന നായകനേയും നായികയേയും, രാത്രിപ്രാര്‍ത്ഥനക്കു ഒരുമിച്ചു കൂടുന്ന കുടുംബങ്ങളേയും അഭ്രപാളികളില്‍ കാണുമ്പോള്‍ പ്രേക്ഷകനും അറിയാതെ കുരിശുവരയ്ക്കുന്നു. ഒരു ദീര്‍ഘശ്വാസത്തോടെ ദൈവനാമം വീണ്ടും പാടുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറ്റവും മുന്‍ നിരയില്‍ നിര്‍ത്താവുന്ന ഗാനമാണ് 'നിത്യവിശുദ്ധയാം കന്യാമറിയമേ' (നദി-1969) എന്ന ഗാനം. വയലാര്‍ എഴുതി ദേവരാജന്‍ മാസ്റ്ററ് ഈണമിട്ട ഗാനം ചര്‍ച്ച് ഓര്‍ഗന്റെ അത്ഭുതകരമായ സ്വരവിന്യാസങ്ങളുടെ അകമ്പടിയോടെ കന്യാമറിയത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നു. പാശ്ചാത്യ സംഗീതത്തോടു കിടപിടിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം ദേവരാജന്മാസ്റ്ററുടെ പ്രതിഭ ഒരിക്കല്‍ കൂടി മാറ്റുരച്ചു കാണിക്കുന്നു. യേശുമാതാവിനെ പ്രകീര്‍ത്തിക്കുന്ന അനേകം ഗാനങ്ങളില്‍ യേശുമാതാവേ (നാത്തൂന്‍ -1974), കന്യാമറിയമേ തായേ(ജ്ഞാനസുന്ദരി-1961), കന്യാമറിയമേ പുണ്യ പ്രകാശമെ (അള്‍ത്താര-1964) എന്നിവ മികച്ചവയാണ്. രക്തമുറയുന്ന കൊടും തണുപ്പില്‍ ലോകരക്ഷകന്നു ജന്മം നല്‍കിയ പുണ്യമാതാവിന്റെ സ്മരണ കൃസ്തീയ വിശ്വാസികളല്ലാത്തവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ഈ ഗാനങ്ങള്‍ സാക്ഷ്യം നില്‍ക്കുന്നു, ലോകമാതാവായ കന്യകാമറിയത്തിന്റെ മഹല്‍ത്യാഗം വാഴ്ത്തുന്ന 'നന്മനേരും അമ്മ....' എന്ന ഗാനം 1977 ലെ അപരാധി എന്ന ചിത്രത്തില്‍ നമുക്കു കേള്‍ക്കാം.

യേശുദേവനെ അമ്മയുടെ മടിയില്‍ മയങ്ങുന്ന, കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ പൊന്നും മൂരും കുന്തിരിക്കവും വെച്ചു വണങ്ങുന്ന ഉണ്ണിയീശോയായും, അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ സന്തുഷ്ടനാക്കിയ അമാനുഷികനായും, കാല്‍ വരിയില്‍ വിടര്‍ന്ന രക്തപുഷ്പമായും വിവിധ ചിത്രങ്ങളില്‍ നാം കാണുന്നു. 'യേശുനായകാ.....(തങ്കക്കുടം-1965) , സത്യനായകാ മുക്തിദായകാ(ജീവിതം ഒരു ഗാനം-1979) എന്നിവ വിശ്വാസിയുടെ മനസ്സില്‍ പുതിയ വെളിച്ചമായി കടന്നു ചെല്ലുന്ന ഗാനങ്ങളാണ്. വെള്ളിനക്ഷത്രങ്ങളും തൂക്കുവിളക്കുകളും പ്രഭ ചൊരിയുന്ന കൃസ്തുമസ് രാവുകളില്‍ ദൈവപുത്രനു വീഥിയൊരുക്കി വരവേല്‍ക്കാന്‍ നമുക്കേറെ ഗാനങ്ങളുണ്ട്. കൃസ്തുമസ്സിന്റെ ആഹ്ലാദാരവം മുഴുവനും മനസ്സില്‍ പകര്‍ന്നു നല്‍കുന്നവയാണ് 'ശാന്തരാത്രി തിരുരാത്രി' (തുറമുഖം1979), 'ആരാധനാ നിശാ സംഗീത മേള..(നോക്കെത്താദൂരത്ത് കണ്ണുംനട്ട്-1985) എന്നിവ.

രാജാവിന്‍ രാജാവെഴുന്നള്ളുമ്പോള്‍ ഇസ്രായേലിലെ വീഥികള്‍ പോലെ തന്നെ വീഥികള്‍ അലങ്കരിച്ച്, അല്ലിയൊലീവിലകളുമായിറങ്ങുന്ന വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം. ബെത് ലെഹേമിന്റെ തിരുമടിത്തട്ടിലെ(സ്നാപകയോഹന്നാന്‍ -1963) എന്ന ഗാനമുണര്‍ത്തുന്ന ആശ്വാസം , ദൈവപുത്രന്‍ വീണ്ടുമെത്തുമ്പോള്‍, പിലാത്തോസില്ലാത്ത, കാല്‍ വരിയിലെ മരക്കുരിശില്ലാത്ത, പീഡനങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണുന്ന 'യരുശലേമിലെ സ്വര്‍ഗ്ഗദൂതാ....(ചുക്ക്-1973) എന്ന ഗാനം ഇവയെല്ലാം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് ഭക്തിയും നന്മയും പകര്‍ന്നു നല്‍കുന്നു. സാമാന്യ മനസ്സുകള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത തത്വസംഹിതകളേക്കാള്‍ സരളലളിത പദാവലികളാല്‍ തീര്‍ത്ത ഈ ഭക്തിമാലകള്‍ പ്രിയങ്കരമാവുന്നു. അവന്‍ ദൈവത്തെ അറിയുന്നു.

ക്രിസ്തീയ ഭക്തിഗാനങ്ങളെക്കിറിച്ചു പരാമര്‍ശിക്കുമ്പോല്‍ ഒരിക്കലും വിട്ടുപോകാനോ മറന്നു പോകാനോ മനസ്സനുവദിക്കാത്ത ഗാനമാണ് 'സമയമാം രഥത്തില്‍' (അരനാഴികനേരം-1970). ഇതിന്റെ രചയിതാവായ ഫാദര്‍ നഗേല്‍(Valbright Nagel) നെക്കുറിച്ചു ഓര്‍ക്കുന്നതും ഇത്തരുണത്തില്‍ എറ്റവും അഭികാമ്യമാണ്. ഒരു മലയാളിയുടെ പ്രാഗല്‍ഭ്യത്തോടെ എത്ര അയത്നലളിതമായാണ് ജര്‍മ്മനിയില്‍ ജനിച്ച്, ഭാരതത്തില്‍ വന്ന്, കേരളം പ്രവര്‍ത്തനമണ്ഡലമാക്കിത്തീര്‍ത്ത ഫാദര്‍ നഗേല്‍ ഈ ഗാനം രചിചിരിക്കുന്നത്! ഇതു യഥാര്‍ഥത്തില്‍ സിനിമയ്ക്കുവേണ്ടി എഴുതിയതല്ലെങ്കിലും 17 ഭാഷകളിലേക്കു മൊഴിമാറ്റംചെയ്യപ്പെട്ട ഈ ഗാനം അരനാഴികനേരം എന്ന സിനിമയിലൂടെ നമ്മളിലെത്തിയില്ലെങ്കില്‍ ഇത്ര ജനപ്രിയമായിത്തീരുമായിരുന്നോ എന്നു ഈ ലേഖികക്കു സംശയമുണ്ട്. കൃസ്തീയ വിശ്വാസികള്‍ക്കുമാത്രമല്ല, മറ്റെല്ലാ മതവിശ്വാസികള്‍ക്കും ജീവിതസാരം പഠിപ്പിച്ചുകൊടുക്കുവാന്‍ ഈ ഗാനം ഉതകുന്നു. 'ആകെയല്പ നെരം മാത്രം എന്റെയാത്ര തീരുവാന്‍ ...ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍ .....എന്ന രണ്ടുവരികളില്‍ എത്രയോ തത്വശാസ്ത്രഗ്രന്ഥങ്ങളിലെ മുഴുവന്‍ സത്തും കലര്‍ന്നു കിടക്കുന്നു.

ഈ പഠനത്തില്‍ കണ്ടെത്തിയ വളരെ കൌതുകകരമായ ഒരു കാര്യം 'സമയമാം രഥത്തില്‍' എന്ന ഗാനമൊഴികെ മറ്റെല്ലാം രചിച്ചത് ഇതര മതക്കാരായ രചയിതാക്കളാണെന്നാണ്. ഭാരതത്തിന്റെ മാത്രം പ്രത്യേകതയായിക്കാണാവുന്നതാണിത്. ഈശ്വരനെ അറിയാന്‍ മതങ്ങളുടെ ആവശ്യമില്ലെങ്കിലും മതങ്ങളുടേയും വിശ്വാസങ്ങളുടേയും ഭാഷയിലൂടെയാണ്‌ മനുഷ്യമനസ്സുകളുടെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന് ഭക്തിയുടെ ഭാവത്തില്‍ ലയിക്കാനാവുന്നതും അതിലൂടെ ഒരു സമൂഹത്തിന്റെ നന്മക്കായുള്ള സ്വാധീനം ചെലുത്താനും ആവുന്നത്‌. ഭാരതം പോലെ ഒരു മതേതരത്വ രാജ്യത്തില്‍ മതങ്ങളുടെ സീമകള്‍ കടന്നു ഇതുണ്ടായില്ലെങ്കിലേ നാം അല്‍ഭുതപ്പെടാനുള്ളൂ. മതങ്ങളുടെ പേരില്‍ ചില സാമൂഹ്യവിരോധികള്‍ ലോകമെമ്പാടും പോരിനും പടവെട്ടിനും തുനിയുമ്പോള്‍ ഈ കൃസ്തുമസ്‌ വേളയില്‍ മതേതരത്വത്തിന്റെ പ്രതിഷ്ഠാനത്തില്‍ ഈ ശാന്തിഗീതങ്ങളിലെ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഒരു നല്ല നാളേക്ക്‌ നാമെല്ലാം ഒത്തൊരുമിച്ച്‌ പ്രയത്നിക്കുകയും കാത്തിരിക്കേണ്ടതുമാണ്‌.

ചിത്രങ്ങളുടെയും ഗാനങ്ങളുടേയും മറ്റും വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ - http://www.malayalasangeetham.info

Thursday, December 25, 2008

ഹൃദയമുരളിക - First Audio Album from MSI Audios

MSIയുടെ ആഭിമുഖ്യത്തില്‍ MSI Audios എന്ന ലേബലില്‍ ആദ്യമായി ഒരു audio album പുറത്ത്‌ കൊണ്ടുവരുനു.

ഹൃദയമുരളിക - മനസ്സിന്റെ മുരളീരവം എന്ന പേരില്‍ ഞങ്ങള്‍ നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തില്‍ 8 ഗാനങ്ങള്‍ ഉണ്ട്‌. മലയാളത്തനിമ നിറഞ്ഞ ശുദ്ധസംഗീതം കൊണ്ട്‌ നമ്മെയല്ലാം വര്‍ഷങ്ങളായ്‌ ആഹ്ലാദിപ്പിക്കുന്ന വിദ്യാധരന്‍ മാസ്റ്റര്‍ ആണ്‌ ഈ ആല്‍ബത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌.

ഈ ആല്‍ബത്തിന്റെ സുന്ദരമായ വരികള്‍ എഴുതിയിരിക്കുന്നത്‌ നമ്മുടെ പലരുടേയും സുഹൃത്തായ ശ്രീദേവി പിള്ളയാണ്‌.

ഗാനങ്ങള്‍ പാടിയിരിക്കുന്നത്‌:

കെ എസ്‌ ചിത്ര
ശ്രീവല്‍സന്‍ ജെ മേനോന്‍
നിഷാദ്‌
രവിശങ്കര്‍
രൂപ
അശ്വതി വിജയന്‍


...എന്നിവരും. ഈ ആല്‍ബത്തിനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ കാണുന്ന ഞങ്ങളുടെ MSI Audios വെബ്സൈറ്റിലും , ഹൃദയമുരളികയുടെ ബ്ലോഗിലും നോക്കുക.

ഇതിനു പുറമെ യൂട്യൂബിലും വിമിയോവിലും മറ്റും ഈ ആല്‍ബത്തിന്റെ നിര്‍മമാണഘട്ടത്തിലെ നിമിഷങ്ങള്‍ കാണാം.2009 ജനുവരിയില്‍ പുറത്തു വരുന്ന ആല്‍ബം നിങ്ങളെല്ലാവരും കേള്‍ക്കുമെന്നും മലയാളസംഗീതത്തിന്റെ മുഖഛായ മാറ്റുന്ന ഈ ഗാനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്ന് ഞങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌.

MSI ഇനി മലയാളത്തിലും

ഇന്റര്‍നെറ്റില്‍ മലയാളത്തില്‍ എഴുതാനും വായിക്കാനുമുള്ള സൗകര്യങ്ങള്‍ കഴിഞ്ഞ 1-2 വര്‍ഷത്തില്‍ വളരെയധികം പുരോഗമിച്ച കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാമല്ലോ? ഈ കാലയളവില്‍ ഞങ്ങളില്‍ പലരും MSI മലയാളത്തിലേക്കാക്കുന്നതിനെപറ്റി ചിന്തിക്കുകയും മറ്റും ചെയ്തിരുന്നു. രാജഗോപാലുമായി സംസാരിക്കുമ്പോള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി അദ്ദേഹം എന്നോട്‌ നിത്യവും ചോദിക്കുന്ന ഒരു ചോദ്യവും ഈ പ്രോജക്റ്റിനെക്കുറിച്ചായിരുന്നു.

2008 ഒക്റ്റോബര്‍ മാസമാണ്‌ ഈ പ്രോജക്റ്റിനു തുടക്കം കുറിച്ചത്‌. എന്നാല്‍ നവംബര്‍ ഇരുപത്തഞ്ചാം തീയതിയോടടുത്ത്‌ MSI google group തുടങ്ങിയപ്പോഴാണ്‌ പ്രോജക്റ്റിന്‌ ഒരു ഉണര്‍വ്‌ വന്നത്‌. ആ കൂട്ടായ്മയുടെ വിജയത്തിന്റെ ഒരു ഉജ്ജ്വല ഉദാഹരണമാണ്‌ വെറും ഒരു മാസത്തില്‍ ഞങ്ങള്‍ക്ക്‌ ഈ പ്രോജക്റ്റിന്റെ ആദ്യഭാഷ്യം പുറത്ത്‌ കൊണ്ടുവരാന്‍ സാധിച്ചത്‌.

ഈ പ്രോജക്റ്റിന്റെ ഉപഭോക്താക്കള്‍ക്കുള്ള ഫലങ്ങള്‍:

ഇനി മുതല്‍ പാട്ടുകളോ സിനിമകളോ search ഉപയോഗിച്ചു തിരഞ്ഞാല്‍ വിവരങ്ങള്‍ ഇംഗ്ലീഷില്‍ തന്നെ ആദ്യം കാണിക്കും (default option). എന്നാല്‍ ഇംഗ്ലീഷിലുള്ള വിവരങ്ങള്‍ക്ക്‌ മുകളില്‍ "ഈ പേജ്‌ മലയാളത്തില്‍ കാണിക്കൂ" എന്നൊരു ലിങ്ക്‌ കാണും. അതില്‍ ക്ലിക്ക്‌ ചെയ്താല്‍ മലയാളത്തില്‍ ലഭ്യമായ വിവരങ്ങള്‍ അതേ പേജില്‍ കാണാന്‍ സാധിക്കും.

യൂണിക്കോഡ്‌ ടീം:

ഈ പ്രോജക്റ്റിനു വേണ്ടി കഴിഞ്ഞ ഒരു മാസമായി കുറേയേറെ സമയം ചെലവഴിച്ചവരുണ്ട്‌. അവര്‍ക്കായി രണ്ടു വാക്ക്‌ നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ?

ലത നായര്‍ - MSI-യുടെ സ്വന്തം ലത ചേച്ചിയാണ്‌ ഈ പ്രോജക്റ്റിന്റെ വിജയത്തിന്റെ സാക്ഷാല്‍ ഉത്തരവാദി. ചേച്ചിയുടെ വേഗതയും സൂക്ഷ്മതയും ഒത്തുചേര്‍ന്ന യൂണിക്കോഡ്‌ ലിപ്യന്തരണം വഴി ഇതിനകം ചേച്ചി 20 വര്‍ഷങ്ങളുടെ ഗാനങ്ങളും സിനിമാപേരുകളും മാറ്റിക്കഴിഞ്ഞു ! തുടര്‍ന്നും ചേച്ചി പലവര്‍ഷങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നു

അരുണ്‍ ശങ്കര്‍ -MSI-യുടെ ആദ്യം മുതല്‍ ഞങ്ങളുടെ കൂടെ ഒരുപാട്‌ database വര്‍ക്കുകളും മറ്റും ചെയ്ത അരുണ്‍ തന്നെയാണ്‌ ഈ പ്രോജക്റ്റിലും ആദ്യമായി രാഗങ്ങളുടേയും, സംഗീത സംവിധായകരുടേയും പേരുകള്‍ എഴുതിയത്‌. തിരക്കിട്ട ജോലിക്കിടയിലും സ്വന്തം സൈറ്റായ MSI-ക്ക്‌ വേണ്ടി ഇത്രയധികം സമയം ചെലവഴിച്ച അരുണിന്‌ ഞങ്ങളെല്ലാവരുടേയും അകമഴിഞ്ഞ നന്ദി

ജയശ്രീ - ലത ചേച്ചിയുടെ കൂടെ ജയശ്രീയും ഇതിനകം 1960-കളിലെ ഗാനങ്ങളും സിനിമകളും മറ്റും മലയാളത്തിലാക്കി കഴിഞ്ഞു. പല രീതിയില്‍ ഈ മൊഴിമാറ്റ ജോലികള്‍ ചെയ്തു വന്നിരുന്നവര്‍ക്ക്‌ നിബിഡമായ ഒരു രീതി ഉണ്ടാക്കാന്‍ ജയശ്രീ വഹിച്ച പങ്ക്‌ എടുത്തു പറയേണ്ടതാണ്‌.

വിജയകൃഷ്ണൻ - പല വർഷങ്ങൾ, രചയിതാക്കൾ, ഗായകർ, സംഗീത സംവിധായകർ, സിനിമാ സംവിധായകർ തുടങ്ങിയ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച കൃത്യമായിരുന്നു വിജയകൃഷ്ണന്റെ . അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കിൽ ഇത്രയും ദ്രുതഗതിയിൽ ഈ പ്രോജക്റ്റ് ചെയ്തുതീരില്ലായിരുന്നു.

സുനീഷ്‌ മേനോന്‍ - രചയിതാക്കളുടെ പേരുകള്‍ മുഴുവന്‍ സുനീഷാണ്‌ തയ്യാറാക്കിയത്‌. ഇതിന്‌ പുറമേ ഒരുപാട്‌ നിര്‍ദ്ദേശങ്ങള്‍ കൊണ്ട്‌ ചുരുങ്ങിയ കാലം കൊണ്ട്‌ MSIക്ക്‌ മുതല്‍കൂട്ടായിരിക്കുകയാണ്‌ സുനീഷ്‌.

ബാബു മേലേത്ത്‌ - ബാബുവാണ്‌ ഗായകരുടെ പേരുകള്‍ മുഴുവന്‍ എഴുതിയത്‌. വെറും 2-3 ദിവസം കൊണ്ട്‌ ഇതു മുഴുവന്‍ തീര്‍ത്ത ബാബുവിന്‌ എത്ര നന്ദി പറഞ്ഞാലും കുറയില്ല. പല തരത്തിലുള്ള യുഗ്മഗാനങ്ങളുടെ ഗായകരുടെ പേരുകള്‍ എഴുതേണ്ടത്‌ കൊണ്ട്‌ ഈ ജോലി പ്രത്യേകിച്ചും കഠിനമായിരുന്നു.

ദിലീപ്‌ സി എസ്‌ - ജോലിത്തിരക്കിനിടയിലും സംഗീതസ്നേഹിയായ ദിലീപ്‌ പുതിയ സിനിമകളുടെ ഗാനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനകം 4-5 വര്‍ഷങ്ങള്‍ ദിലീപ്‌ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. ദിലീപിന്റെ സംഗീതത്തോടുള്ള സ്നേഹം MSI-യുമായി പങ്കുവയ്ക്കുമ്പോള്‍ നമ്മളെല്ലാവരും അതില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ നേടുന്നു.

ഹരി നായര്‍ - ഈ പ്രോജക്റ്റിലെ പുതിയ അംഗമായ ഹരി യൂണിക്കോഡില്‍ ഞങ്ങള്‍ പലരെക്കാളും പ്രാഗല്‍ഭ്യമുള്ള ഒരാളാണ്‌. ചുരുങ്ങിയ കാലയളവില്‍ ഇതിനകം കുറേയേറെ പഴയ ചിത്രങ്ങളുടേയും ഗാനങ്ങളുടേയും പേരുകള്‍ ഹരി എഴുതിക്കഴിഞ്ഞു.

ആദര്‍ശ്‌ - ആദര്‍ശ്‌ 1990 മുതലുള്ള ഗാനങ്ങളുടെ പണിപ്പുരയിലാണ്‌

പ്രിയേഷ്‌ - പ്രിയേഷ്‌ 1985 മുതലുള്ള ഗാനങ്ങളുടെ പണിപ്പുരയിലാണ്‌

ശ്രീദേവി പിള്ള - MSI-യുടെ ഒരു രക്ഷാധികാരിയായ ദേവിയാണ്‌ സ്വന്തമായി ആയിരത്തിനടുത്തു യൂണിക്കോഡ്‌ പാട്ടുകളുടെ വരികളെഴുതി പ്രോജക്റ്റിന്‌ പ്രചോദനം നല്‍കിയത്‌. ദേവിയുടെ ദീര്‍ഘവീക്ഷണം MSI-യുടെ ഒരു ശരിയായ മുതല്‍ക്കൂട്ടാണ്‌.

ഇതിനു പുറമെ MSL-ലെ കിരണ്‍ ,വാമദേവന്‍ ,രാജഗോപാല്‍ ,വേണുഗോപാല്‍ തുടങ്ങി ഒരുപാട്‌ MSI അംഗങ്ങള്‍ ഈ പ്രോജക്റ്റിനു തക്കതായ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയുണ്ടായി.

ഈ പ്രോജക്റ്റില്‍ ഭാഗമാകാന്‍ ആഗ്രഹമുള്ളവര്‍ ഞങ്ങളുടെ ഗൂഗിള്‍ ഗ്രൂപ്പില്‍ ചേരൂ. മറ്റ്‌ ചോദ്യങ്ങളും അഭിപ്രായങ്ങളും പതിവ്‌ പോലെ എന്നോട്‌ ചോദിക്കൂ

ഗാനങ്ങളുടെ പേജ്‌ ഇവിടെ..സിനിമകളുടെ പേജ്‌ ഇവിടെയും..

MSI Audio Clips Project

Most people who visit MSI look for ways to listen to the songs they have been searching for years. As part of our philosophy, we do not provide music downloads or streaming.

However, this Audio Clips project is intended to enhance the idea of searching for authentic malayalam music related information. When you search for a song, you will now see a 'listen' , 'upload' or 'lock' icon next to the song name.

  • If you find the listen icon, you can click on that and listen to the beginning of the song uploaded by members like you.
  • If you find an upload icon, you can as a user of MSI, upload a short clip of the song to be added to the site.
  • If you find a lock icon, it tells you that somebody else has already submitted a clip of the song to be added to the site.

We sincerely hope you all will enjoy this nice enhancement to our comprehensive music database.

The names of the uploaders are available next to the audio clip. However, this project is made possible by the administration team of Sunny Joseph, Priyesh NB, Sreedevi Pillai, Sunish Menon and Vamadevan. Special thanks to one of our architects, Venugopal, for putting forth this idea in the first place.

Monday, December 22, 2008

മലയാളഗാനങ്ങളുടെ സ്വപ്നലോകം

മലയാളഗാനങ്ങളുടെ സ്വപ്നലോകം
ആരതി മേനോന്‍ ,കൊച്ചി


സ്വപ്നം എന്നും മനുഷ്യന്റെ ഒരു ചാപല്യമാണല്ലോ? സ്വപ്നം കാണാന്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? അതുപോലെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളുടെ ഉള്‍പ്പൊരുളുകള്‍ അറിയാന്‍ വെറും ഒരു കൗതുകത്തിനപ്പുറമുള്ള ഒരു ആകാംക്ഷയും വെമ്പലും ഇല്ലാത്തവരുണ്ടാവുമോ? സ്വപ്നം ജീവിതത്തെക്കുറിച്ച്‌ നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും പറഞ്ഞു തരുന്നു. ഒരു പക്ഷെ നല്ല സംഗീതവും സ്വപ്നവുമായുള്ള ബന്ധവും ഇതാവാം. പ്രതീക്ഷകള്‍ നശിച്ചവര്‍ക്കു പുതിയ പ്രതീക്ഷകളും, ബാക്കി കയ്യില്‍ കുറച്ചു പ്രതീക്ഷകളുള്ളവര്‍ക്കു ആ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിക്കുവാനും സ്വപ്നം പഠിപ്പിക്കുന്നു. ഫ്രോയിട്‌ പറഞ്ഞപോലെ സ്വപ്നങ്ങള്‍ വെറും മനസ്സിന്റെ ഭാവനകളുടെ സാക്ഷാല്‍ക്കാരമാണെന്നു മലയാളത്തിലെ കവികളും ആലോചിച്ചിരിക്കാം. ഒരു വിധം എല്ലാ നല്ല സംഗീതസ്നേഹികളും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തില്‍ സ്വപ്നജീവികളായിരിക്കും. ഏതായാലും ഈ ലേഖനത്തിന്റെ ഉദ്ദേശം ഫ്രോയിടോ നിങ്ങളുടെ സ്വപ്നങ്ങള്‍ വിശകലനം ചെയ്യുകയോ അല്ല. മലയാള സിനിമാ ഗാനങ്ങളില്‍ സ്വപ്നത്തെപ്പറ്റിയുള്ള പ്രതിപാദനത്തിലേക്കു ഒരു തിരിഞ്ഞുനോട്ടമാണു ഇവിടെ ശ്രമിക്കുന്നത്‌.മറ്റാരേക്കാളും സ്വപ്നങ്ങളെ കുറിച്ചു നമ്മോട്‌ പറഞ്ഞതു സാക്ഷാല്‍ സ്വപ്നജീവിയായിരുന്ന വയലാര്‍ തന്നെയാവണം. "സ്വപ്നസഞ്ചാരിണി, നിന്റെ മനോരധം സ്വര്‍ഗത്തില്‍ ഭൂമിയിലൊ" (ചിത്രം:കൂട്ടുകുടുംബം, 1969) എന്നു ചോദിച്ചു അതിനുള്ള ഉത്തരവും - "സ്വര്‍ഗ്ഗത്തിലല്ല, ഭൂമിയിലല്ല, സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകത്തിലാണു" - നല്‍കുന്ന കവി, ഭാവനയുടെ പുതിയ ഒരു ലോകത്തിലേക്കു കഥാപാത്രത്തെ എന്ന പോലെ കേള്‍വിക്കാരേയും കൊണ്ടുപോകുന്നു. ഈ വിവരണങ്ങളിലൂടെ വയലാര്‍ സ്വര്‍ഗ്ഗവും സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകവുമായുള്ള വിവേചനം മാത്രമല്ല നമ്മോട്‌ പറയുന്നതു. ഈ സങ്കല്‍പ്പ ഗന്ധര്‍വ്വ ലോകത്തെ കാംഷിക്കുന്ന ആ സ്വപ്നസുന്ദരി സ്വപ്നത്തില്‍ എത്തിചേരാന്‍ കൊതിക്കുന്ന ആ ഇടത്തിലേക്കു കേള്‍വിക്കാര്‍ക്കും പോകാന്‍ എങ്ങനെ ആഗ്രഹം ജനിക്കാതിരിക്കും. വയലാര്‍ തന്നെ പറഞ്ഞ "സ്വപ്നത്തിലെന്നെ വന്നു നുള്ളിനുള്ളിയുണര്‍ത്തുന്ന സുല്‍ത്താനേ പൊന്നു സുല്‍ത്താനേ" (ചിത്രം:കാത്തിരുന്ന നിക്കാഹ്‌,1965) എന്ന വരികളുടെ ഭംഗിയും ഒന്നു വേറെതന്നെയാണു. വയസ്സിലും മനസ്സിലും കൗമാരപ്രായക്കാരായ എല്ലാവരുടേയും ഒരു സ്വപ്നമാവും "ഖല്‍ബില്‍ നിന്നും ഖല്‍ബിലേക്കു കണ്‍പുരികപ്പീലി കൊണ്ടു കമ്പിയില്ലാക്കമ്പി തരുന്നതും" മറ്റും. ജീവിതത്തിനു പ്രചോദനമാവുന്ന പലതും കൊണ്ട്‌ ജഗച്ചേതനയെ വളര്‍ത്തുവാനാണു ഇവിടെ കവി ശ്രമിക്കുന്നതു. അഭിലാഷങ്ങള്‍ പലതും സാഹചര്യങ്ങളാല്‍ സഫലീകരിക്കാന്‍ പറ്റാതെ പോകുന്നതു ജീവിതസത്യം മാത്രമെങ്കില്‍ സ്വപ്നങ്ങളള്‍ക്കു ചിറകുവയ്പ്പിക്കേണ്ടതു തന്റേപോലുള്ള കവികളുടെ കടമായാണെന്നു വയലാര്‍ കരുതിക്കാണണം.

വയലാറിനെ പോലെത്തനെയോ അല്ലെങ്കില്‍ ഒരു പക്ഷെ അതിനേക്കാളേറെയും സ്വപ്നങ്ങളെ തന്റെ ഘടികാരത്തിലെ പെന്റുലമാകിയ കവി തമ്പിയായിരിക്കാം. അര്‍ജ്ജുനന്‍ മാസ്റ്ററുടെ ഗന്ധര്‍വ്വ സംഗീതത്തില്‍ വാണി ജയറാം പാടിയ (ചിത്രം: ഓമനക്കുഞ്ഞ്‌) "സ്വപ്നത്തിലിന്നലെയെന്‍ സ്വര്‍ണ്ണവള കിലുങ്ങി നിദ്രതന്‍ വേദിക ഇളകി.." എന്ന ഗാനത്തില്‍ തമ്പി എല്ലാ ഭാവനകളുടേയും അതിര്‍വരമ്പുകള്‍ തേടുകയാണു. സ്വപ്നത്തിലൂടെയുള്ള ഈ കഥാപാത്രത്തിന്റെ എല്ലാ സാംഗത്യങ്ങളും ഇവിടെ തമ്പി സമഗ്രഹിക്കുന്നു. മാനസവീണ എന്ന ചിത്രത്തില്‍ ശ്രീകാന്തിന്റെ സംഗീതത്തില്‍ തമ്പി നമ്മോടു സുശീലയുടെ മധുരശബ്ദത്തില്‍ പറയുന്നതു നൊക്കൂ -സ്വപ്നം തരുന്നതും നീ,
ദുഖം തരുന്നതും നീ,
നിന്‍ ദാന പുഷപങ്ങള്‍ കയ്യേറ്റു വാങ്ങും
പൊന്‍പൂത്തളികകള്‍ ഹൃദയങ്ങള്‍

അതീവപ്രണയത്തിന്റെ ചിത്രീകരണമാണു ഇവിടെ രണ്ട്‌ സുരതമായ അന്വയങ്ങള്‍ കൊണ്ടു കവി നമുക്കു കാഴ്ച്ചവയ്ക്കുന്നത്‌. ഈ ഗാനങ്ങള്‍ എല്ലം എഴുതുന്നതിനു വര്‍ഷങ്ങള്‍ മുന്‍പെതന്നെ തമ്പിയുടെ തൂലികയില്‍ നിന്നു ഉരുത്തിരിഞ്ഞ ഒരു അനശ്വരഗാനമാണു എം.ബി.ശ്രീനിവാസന്റെ "സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയൊ.." എന്ന ഗാനം (ചിത്രം: പ്രതികാരം). ഈ ഒരൊറ്റ ഗാനം കൊണ്ട്‌ മലയാളികള്‍ക്കു സ്വപ്നമാണു എന്തു കൊണ്ടും ഭൂമിയിലുള്ള സ്വര്‍ഗ്ഗം എന്നു തമ്പി കാണിച്ചു തരുന്നു. യഥാതഥമായ ഒരു ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നു തമ്പിയുടെ ഈ സ്വപ്നഗാനം എന്നതു ഗാനത്തിന്റെ ഭംഗി പതിന്മടങ്ങു കൂട്ടുന്നു. ഇതിനോടു താരതമ്യം ചെയ്തു നോക്കെണ്ട വേറൊരു മറക്കാന്‍ കഴിയാത്ത ഗാനം മാധുരിയമ്മയുടെ ശബ്ദത്തിലുള്ള "സ്വപ്നത്തില്‍ വന്നവള്‍ ഞാന്‍ സ്വരധാര പെയ്തവള്‍ ഞാന്‍.." എന്നതാണു (ചിത്രം: ടാക്സി കാര്‍, സംഗീതം:ആര്‍.കെ.ശേഖര്‍). ഈ ഗാനത്തിലെ സാഹിത്യം തികച്ചും അവിശ്വസനീയമായ ഉപരിതലത്തിലുള്ളതായ്‌ കരുതാം. വിചിത്രകല്‍പനയുടെ ലോകത്തില്‍ "അഴകിന്റെ വനങ്ങളില്‍ തപസ്സിരുന്നു ആനന്ദ സ്വര്‍ഗ്ഗങ്ങള്‍ കീഴടക്കുന്ന" ഒരു അപ്സരകന്യകയാണു ഇവിടത്തെ കഥാപാത്രം.


സ്വപ്നങ്ങളെക്കുറിച്ചെന്നല്ല എവിടെ മലയാളഗാനങ്ങളെക്കുറിച്ചു പറഞ്ഞാലും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരേയൊരാള്‍ ഭാസ്കരന്‍ മാസ്റ്റര്‍ ആണെന്നെടുത്തു പറയേണ്ടതില്ലല്ലോ? അദ്ദേഹത്തിന്റെയും ചില മറക്കാനാവാത്ത സ്വപ്നബിന്ദുക്കള്‍ ചലച്ചിത്രഗാനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട്‌. "സ്വപ്നങ്ങളൊക്കെയും പങ്കു വയ്ക്കാം, ദുഖഭാരങ്ങളൂം പങ്കു വക്കാം.." (ചിത്രം:കാണാന്‍ കൊതിച്ച്‌,1987, സംഗീതം:വിദ്യാധരന്‍ മാസ്റ്റര്‍), എന്ന ഒറ്റ ഗാനം മതി ഭാസ്കരന്‍ മാസ്റ്ററുടെ കവിഭാവനയുടെ ഇന്ദ്രജാലം അറിയാന്‍. ലാളിത്യത്തിന്റെ മുഖപടമണിഞ്ഞു മാസ്റ്റര്‍ മലയാളികളോട്‌ പറയുന്ന ഈ ദാര്‍ശനികതയുടെ മാസ്മരശക്തി ഒരിക്കലും ഏതു കവിയാലും തോല്‍പ്പിക്കാന്‍ കഴിയാത്തതാണു. ഇതു തത്വചിന്തയായിരുന്നെങ്കില്‍, മാസ്റ്ററുടെ മറ്റൊരു സ്വപ്നഗാനം ഗൃഹാതുരത്വത്തിന്റെ അതീവമായ മോഹമാണു - "സ്വപ്നമന്ദാകിനി തീരത്തു പണ്ടൊരു സ്വര്‍ഗ്ഗവാതില്‍ പക്ഷി കൂടുവച്ചു.." (ചിത്രം: ഓര്‍ക്കുക വല്ലപ്പോഴും) എന്ന ഗാനം. ഭാസ്കരന്‍ സ്വപ്നമന്ദാകിനിയെ കുറിച്ചു പറഞ്ഞതുപോലെ തന്നെ "സ്വപ്നമാലിനി തീരത്തുള്ളൊരു കൊച്ചു കല്യാണ മണ്ടപത്തെ.." കുറിച്ചും ദേവദാസ്‌ (സംഗീതം:രാഘവന്‍ മാസ്റ്റര്‍) എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു ഒരു ഔന്മുഖ്യമുണ്ടാക്കി തന്നു. മറ്റൊരു മറക്കാന്‍ കഴിയാത്ത ഭാസ്കരന്റെ സ്വപ്നബിന്ദു പി.ലീല പാടിയ "സ്വപ്നം വന്നെന്‍ കാതില്‍ ചൊല്ലിയ കല്‍പിത കഥയിലെ രാജകുമാരാ.." എന്ന ചിദംബരനാഥ്‌ ഗാനമാണു (ചിത്രം: ചെകുത്താന്റെ കോട്ട). സ്വപ്നലോകത്തിന്റെയും ഭൗതികലോകത്തിന്റേയും സംഗമമാണു ഈ ഗാനത്തിന്റെ പ്രമേയം. "പൂമര ചോട്ടിലെ പുള്ളിമാന്‍ ഉണര്‍ന്നപ്പോള്‍ കാമുകന്‍ വന്നതറിഞ്ഞു ഞാന്‍.." എന്നു കവി പാടുമ്പോള്‍, സ്വപ്നലോകത്തില്‍ നിന്നു ജീവിതസത്യങ്ങളുടെ ഇടയിലേക്കിറങ്ങിയെത്തുന്ന നായികയെയാണു നമ്മള്‍ മനസ്സില്‍ കാണുന്നതു.


മേല്‍പറഞ്ഞ കവികളുടേയും മറ്റു പലരുടേയും ഒരുപാടു സ്വപ്നഗാനങ്ങളിനിയുമുണ്ട്‌. എടുത്തു പറയേണ്ടവ "സ്വപ്നങ്ങള്‍ താഴികക്കുടം.." (കായംകുളം കൊച്ചുണ്ണിയുടെ മകന്‍, പാപ്പനംകോട്‌), "സ്വപ്നത്തിന്‍ പുഷ്പരഥം.."(കുടുംബിനി, അഭയദേവ്‌), "സ്വപ്നങ്ങളേ വീണുറങ്ങൂ.." (തകിലുകൊട്ടാമ്പുറം, ബാലു കിരിയത്ത്‌), "സ്വപ്നങ്ങള്‍ക്കര്‍ത്ഥങ്ങളുണ്ടായിരുന്നെങ്കില്‍ .." (ഓര്‍മകളേ വിട തരൂ, ഡോ:പവിത്രന്‍) എന്നിവയാണു.

കവികള്‍ മാത്രമല്ല സ്വപ്നങ്ങളേയും സംഗീതത്തേയും കോര്‍ത്തിണക്കുന്നത്‌. സംഗീത സംവിധായകരും ഇതില്‍ ഒട്ടും പുറകിലല്ല. സ്വപ്നങ്ങളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തുന്ന ശാസ്ത്രജ്നന്മാര്‍ പലരും സംഗീതവും സ്വപ്നവും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചു പഠിക്കാറുണ്ട്‌. ഇതു പോലൊരു ഗവേഷണം നടത്തിയത്‌ ഫ്ലോറെന്‍സ്‌ സര്‍വകലാശാലയിലെ വാലേരി ഉഗ എന്ന ശാസ്ത്രജ്നയാണു. ആ ഗവേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്‌ സംഗീതജ്നരുടെ സ്വപ്നങ്ങളില്‍ ഒരുപാടു പുതിയ സംഗീതം ഉല്‍ഭവിക്കുന്നുണ്ട്‌ എന്നാണു. ഇതിനുള്ള സുനിശ്ചിതമായ തെളിവാണു ഒരുപക്ഷേ എം.ബി.ശ്രീനിവാസന്റെ സംഗീതശൈലി.

നടന്നും നടന്നേറെ തളര്‍ന്നും
തളര്‍ന്നു തെല്ലിരിന്നും ..

എന്ന വിരുത്തത്തില്‍ തുടങ്ങുന്ന ഓ എന്‍ വി കുറൂപ്പിന്റെ മനോഹരമായ കവിത "മനസ്സിന്റെ തീര്‍ത്ഥയാത്ര" എന്ന ചിത്രത്തിനു വേണ്ടി തയ്യാറാക്കിയപ്പോള്‍ തീര്‍ച്ചയായും എം.ബി.എസ്സിനു ദൈവീകമായ, അമാനുഷികമായ ഒരു സിദ്ധി കൈവന്നിരിക്കണം. വിരുത്തത്തിലെ വാക്കുകള്‍ തമ്മിലുള്ള ഏകീകരണങ്ങള്‍ കേട്ടാല്‍, കവി തന്നെ പറഞ്ഞ പോലെ, "ഇരുന്നിളവേല്‍ക്കവേ ഒരു സ്വപ്നം നുണഞ്ഞും .." ആയിരുന്നിരിക്കണം ഈ സംഗീത സംവിധായകന്‍ മേല്‍പ്പറഞ്ഞ ഗാനം തിട്ടപ്പെടുത്തിയതു എന്നെനിക്കുറപ്പുണ്ട്‌.ഓ എന്‍ വി സൂചിപ്പിച്ചിരിക്കുന്ന പോലെ "ഒരു കിളിയൊച്ചക്കേട്ടുണര്‍ന്നതു.." ഒരു സ്വപ്നത്തില്‍ നിന്നായിരിക്കുമൊ ഇവിടെ? "വീണുടഞ്ഞ മയക്കത്തിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ വാരിയെറിഞ്ഞും.." എന്ന അല്‍ഭുതമുണര്‍ത്തുന്ന ഭാവനയും അമാനുഷിക സംഗീതവും ഒത്തിണങ്ങിയ ഈ ഗാനമാണു സ്വപ്നഗാനങ്ങളുടെ ചക്രവര്‍ത്തിനി എന്നു വേണം കരുതാന്‍. ഈ ഗാനം ശ്രോതാക്കളെ ഒരു സ്വപ്നലോകത്തേക്കു കൊണ്ടുപോകുന്നു. പ്രത്യേകിച്ചും:

"എന്റെ വിഷാദ വിഭാതങ്ങളെ നീ എന്തിനു പാടിയുണര്‍ത്തി,
എന്റെ അനാഥദിനാന്തങ്ങളെ നീ എന്തിനു പാടിയുറക്കി.."


എന്ന വരികളുടെ ഭംഗിയും തീക്ഷ്ണതയും അലാപനവും അനുഭവിച്ചു മാത്രം അറിയേണ്ട ഒന്നാണു. ജീവിതത്തിലെ എല്ലാ അര്‍ത്ഥങ്ങളും അര്‍ത്ഥശൂന്യതയും ഇവിടെ ഒന്നാവുന്നു. എല്ലാ സ്വപ്നങ്ങളും ഇവിടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നു. എല്ല മിഥ്യകളും തഥ്യത നേടുന്നു. സംഗീതം സ്വപ്നത്തില്‍ അലിഞ്ഞലിഞ്ഞു സര്‍വ്വ ജീവജാലങ്ങളും മുക്തി തേടുന്നു. ഭൂമിയും, സ്വര്‍ഗ്ഗവും, സ്വപ്നവും എല്ലാം ഒന്നായി അനന്തതയിലലിയുന്നു.

ചിത്രങ്ങളുടെ പേരുകള്‍,സംഗീത സംവിധായകര്‍,വര്‍ഷങ്ങള്‍ എന്നിവയ്ക്കു കടപ്പാട്‌: MSI (http://www.malayalasangeetham.info)

Friday, December 05, 2008

Paattupusthakam - Raveendran Hits

പാട്ടു പുസ്തകങ്ങളുടെ പുതിയ രൂപം

തൃശ്ശൂരിലെ വഴിയോരകച്ചവടക്കരനില്‍നിന്നും കഴിഞ്ഞ വര്‍ഷം കരസ്തമാക്കിയ രവീന്ദ്രന്‍ മാഷുടെ ഗാനങ്ങളടങ്ങിയ പാട്ടുപുസ്തകം

ഒരു കൌതുകത്തോടെ വേടിച്ചു , രവീന്ദ്രന്‍ ഹിറ്റ്സ് എന്നാണ് പേരു എങ്കിലും രവീന്ദ്രന്‍ മാസ്റ്ററുടെ അല്ലാത്ത ഗാനങ്ങളും ധാരാളമുണ്ട്സസ്നേഹം ആദര്‍ശ്