Friday, November 07, 2008

മലയാള സംഗീതത്തിന്‌ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ അനുഗ്രഹംആകാംക്ഷനിറഞ്ഞ കാത്തിരിപ്പിനൊടുവിലായിരുന്നു ശ്രീ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ബഹ്‌റൈന്‍ സന്ദര്‍ശനം സഫലമായത്‌. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ സ്വാമി എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചില സാങ്കേതികപ്രശ്നങ്ങളാല്‍ ആ യാത്ര മുടങ്ങിയപ്പോള്‍ സ്വാമിയെ അടുത്തുകാണുകയും എം.എസ്‌.ഐ-യ്ക്കുവേണ്ടി സ്വാമിയുടെ ഒരു ആശംസവാങ്ങുകയും ചെയ്യുക എന്ന സ്വകാര്യസ്വപ്‌നം വിദൂരത്തായോ എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ അത്‌ സഫലമായി.

സ്വാമിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം ഒരു ദൈവനിശ്ചയം, ഒക്ടോബര്‍ 23ന്‌ സ്വാമി ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ മുതല്‍ മൂന്നാംദിവസം സ്വാമി മടങ്ങിപ്പോകുന്നതുവരെ സ്വാമിയുടെ സന്തതസഹചാരിയാവാനും സ്വാമിയെ അടുത്തുനിന്ന് പരിചരിക്കാനും കഴിഞ്ഞു എന്നതിനെ മറ്റെന്തു വാക്കുകള്‍ക്കൊണ്ടാണ്‌ വിശേഷിപ്പിക്കാന്‍ കഴിയുക..?!!


ഒക്‌ടോബര്‍ 24നു ആയിരുന്നു കേരളീയ സമാജത്തില്‍ സ്വാമിയുടെ സംഗീതക്കച്ചേരി. സ്വാമിതന്നെ എഴുതിച്ചിട്ടപ്പെടുത്തിയ കൃതികളായിരുന്നു കച്ചേരിയില്‍ അവതരിപ്പിച്ചതെല്ലാം. സാമ്പ്രദായിക സംഗീതക്കച്ചേരികളില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു സ്വാമിയുടെ കച്ചേരി. കച്ചേരിക്കൊടുവില്‍ സ്വാമിയുടെ ജനപ്രിയ സിനിമാഗാനങ്ങളില്‍ ചിലതും പാടുകയുണ്ടായി. ഉത്താരാസ്വയംവരം, മനസ്സിലുണരൂ ഉഷഃസന്ധ്യയായ്‌.. സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ... എന്നീ ഗാനങ്ങള്‍ സ്വാമിയുടെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചുകേട്ടത്‌ സദസിന്‌ ഒരു നവ്യാനുഭവമായി. സ്വപ്‌നങ്ങള്‍ സ്വപ്നങ്ങളെ സ്വാമി പാടുമ്പോള്‍ പാട്ടിന്റെ വരികളില്‍ ചിലത്‌ മറന്നുപോവുകയും സ്റ്റേജിന്റെ പിന്നില്‍ പാട്ട്‌ ആസ്വദിച്ചുകൊണ്ടു നിന്ന എന്നെ പെട്ടെന്ന് സ്വാമി വേദിയിലേക്ക്‌ വിളിച്ചതും നിനച്ചിരിക്കാതെ ലഭിച്ച ആ അസുലഭനിമിഷത്തിന്റെ വിഭ്രാന്തിയില്‍ ഹൃദിസ്ഥമായിരുന്ന വരികള്‍ ഞാനും മറന്നുപോവുകയും സ്വാമി അതെക്കുറിച്ച്‌ പരാമര്‍ശം നടത്തുകയും ചെയ്‌തത്‌ കച്ചേരിക്കിടയിലെ ഒരു നര്‍മ്മ നിമിഷമായിരുന്നു. പിന്നീട്‌ വേദിയില്‍ നിന്ന് പുറത്തുപോയി നിന്ന് എഴുതിയാണ്‌ ആ വരികള്‍ സ്വാമിക്ക്‌ കൊടുക്കാന്‍ സാധിച്ചത്‌.

അന്നും പിറ്റേന്നുപകല്‍ മുഴുവനും സ്വാമിയോടൊപ്പമുണ്ടായിരുന്നിട്ടും സ്വകാര്യമോഹമായിരുന്ന 'ആശംസവാങ്ങല്‍' നടന്നില്ല. സ്വാമിയുടെ തിരക്കുതന്നെയായിരുന്നു അതിന്‌ കാരണം. പലപ്പോഴും നമ്മുടെ വെബ്‌സൈറ്റിനെക്കുറിച്ച്‌ സംസാരിച്ചു തുടങ്ങുമ്പോഴേക്കും എന്തെങ്കിലുമൊക്കെ തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഒടുവില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ കാറിനുള്ളില്‍ വച്ചാണ്‌ സ്വാമിയുടെ ഒരാശംസ ചോദിക്കാന്‍ കഴിഞ്ഞത്‌. വളരെ സന്തോഷപൂര്‍വ്വം സ്വാമി അത്‌ എഴുതിത്തരുകയും ഇതില്‍ എന്റെ സ്നേഹവും അനുഗ്രഹവും ഉണ്ടെന്നു പറയുകയും ചെയ്‌തു.


മുന്നു ദിവസംകൊണ്ട്‌ സ്വാമിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീതാനുഭവങ്ങള്‍ വിവരണാതീതമാണ്‌. സ്വാമിയുടെ സിനിമാഗാനങ്ങളെ സംബന്ധിച്ചും രാഗങ്ങളെ സംബന്ധിച്ചും ചില കാര്യങ്ങള്‍ ചോദിച്ചറിയണമെന്നുണ്ടായിരുന്നെങ്കിലും തിരക്കുകാരണം പലതും സാധിച്ചില്ല. കാട്ടിലെ പാഴ്‌മുളത്തിന്റെ ചരണം മനോലയം എന്ന രാഗത്തിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് സ്വാമിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. കാവേരി എന്ന സിനിമയുടെ സംഗീതം ഇളയരാജയും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നു എന്ന ടൈറ്റിലില്‍ കാണുന്നുവെങ്കിലും സ്വാമിയാണ്‌ യഥാര്‍ത്ഥത്തില്‍ ആ ചിത്രത്തിന്‌ സംഗീതം നല്‌കിയിരിക്കുന്നത്‌. സ്വാമിയുടെ കൂടെ ഒരു ചിത്രത്തിന്‌ അസിസ്റ്റന്റായിരിക്കുക എന്ന ഇളയരാജയുടെ ആഗ്രഹം മൂലമാണ്‌ അങ്ങനെയൊരു കൂട്ടുകെട്ട്‌ ഉണ്ടായത്‌. അതുപോലെ അപ്പൂപ്പന്‍ എന്ന സിനിമയുടെ സംഗീതം സ്വാമിയുടേതല്ലെന്നും വ്യക്‌തമാക്കുകയുണ്ടായി.
സ്വാമിയുടെ അനുഗ്രഹത്തിനു നന്ദി....

രാജഗോപാല്‍ ബഹ്‌റൈന്‍

8 comments:

 1. Thank you very much Rajagopal for sharing the nice experience

  ReplyDelete
 2. oru mahamanushyante anugraham koodi namukku kittunnu..sumanassukalude anugrahangal yathra thudaran oorjjam nalkum....ingane oru avasaram orukkiya rajagopalinum abhimanikkam..santhosham aa vivarangal nammalumayi pankuvechathil

  ReplyDelete
 3. ഈ വിവരങ്ങള്‍ പങ്കുവച്ചതിനു നന്ദി. മലയാളസംഗീതത്തിനു കൈവരിച്ച ആശംസകള്‍ക്കു വളരെ സന്തോഷം.

  ReplyDelete
 4. സ്വാമിയുടെ ഒപ്പം മൂന്നുദിവസം കഴിയുക...ഭാഗ്യവാൻ തന്നെ.
  “കാട്ടിലെ പാഴ്മുള”ത്തിന്റെ ചരണം മനോലയമാണല്ലേ...തെറ്റിദ്ധാരണ തിരുത്തിയതിന് ഒരുപാട് നന്ദി.

  ReplyDelete
 5. ‘പൊന്നും തേനും നീ വിളമ്പി..’ഏതു രാഗമാണെന്നാരോ ചോദിച്ചപ്പോൾ,
  അതദ്ദേഹത്തിൻ തന്നെ വ്യക്തമല്ല
  എന്നമട്ടിലുള്ള മറുപടി എവിടെയോ വായിച്ച ഒരോർമ്മ!ശുദ്ധസംഗീതം,സ്വാഭാവികമായിത്തന്നെ മനസ്സിൽനിന്നൊഴുകിവരുന്ന മഹാത്മാവ്!
  ഈ പാട്ട് കഴിഞ്ഞദിവസം, ‘ജയ്ഹിന്ദ്’ടിവിയിൽ,ആദ്യമായിക്കണ്ടു.ഫുൾവേർഷൻ കിട്ടിയിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹം തോന്നി.
  സംസേ-വഴിയുണ്ടോ?

  ReplyDelete
 6. :)

  Swamiyude anugraham MSI kkum athinu pinnilulla ella sahrudayarkkum labhichu.. dhanyamee muhoortham

  Thanks Rajagopal & Admin

  Sasneham, Adarsh, DUbai

  ReplyDelete
 7. വളരെ സന്തോഷം തോന്നുന്നു.തീര്‍ച്ചയായും ഈ അനുഗ്രഹാ|ശിസ്സുകളോടെ നമുക്കു കൂടുതല്‍ ദൂരം മുന്നേറാം.
  രാജഗോപാലേട്ടാ ഭാഗ്യം തന്നെ.

  ReplyDelete
 8. സ്വാമിയുടെ കൂടെ മൂന്നു ദിവസം സഞ്ചരിക്കാനും അദ്ദേഹത്തോട് സംസാരിക്കുവാനും കഴിഞ്ഞ രാജഗോപാലെട്ടനോട് അസൂയ തോന്നുന്നു. ഈ അനുഭവം ഇവിടെ പങ്കു വച്ചതിനു നന്ദി..

  ReplyDelete